Thursday 10 April 2014



ചുരുട്ടിക്കൂട്ടിയ വാക്കുകള്‍

നീ

നീയായിരുന്നു പകലും രാത്രിയും
നീയായിരുന്നു ചിരിയും ചിന്തയും
നീയായിരുന്നു ആ രഹസ്യം
നീയതറിയുന്നത് വരെ

കണ്ണ്

നിന്‍റെ കണ്ണില്‍ ഞാനെന്റെ
മുഖം കണ്ടതിലും വലിയ
അത്ഭുതമൊന്നും യെശോദാമ്മ
കണ്ണന്റെ വായില്‍ കണ്ടിട്ടില്ല

നഷ്ടം

എനിക്കിന്ന് നഷ്ടപ്പെട്ടത്
മേഘങ്ങളില്‍ രൂപങ്ങളെക്കണ്ട്
അത്ഭുതപ്പെടാനുള്ള കഴിവാണ്
വളര്‍ച്ചയുടെ പടവുകളിലെവിടെയോ
നഷ്ടപ്പെട്ട എന്നിലെ ഞാന്‍

അരിവാള്‍

അരിവാളുകൊണ്ടിവള്‍ പണ്ടു മുലയറുത്തോരു
കഥകേട്ട കൊച്ചുമകള്‍ അരിവാളുകാണുവാന്‍ വാശിയായി
നാട്ടിലും വീട്ടിലും തേടിനോക്കി
പൊടിപോലുമില്ല കാണുവാനായ്‌
ഒടുവിലൊരു വഴിയായ്
മേഘങ്ങളെ തഴുകും ചെങ്കൊടിതന്‍ മാറിലൊളിക്കും
അരിവാളിനെ കാട്ടിയവള്‍
ഇന്നരിവാള്‍ അവിടെയേയുള്ളൂ കുഞ്ഞേ

വോട്ട്

ആദ്യവോട്ട് അര്‍ദ്ധരാത്രിയിലായിരുന്നു
ഇരുള്‍നിറഞ്ഞ മുറിയില്‍ ആ ബാലറ്റ്പെട്ടി
മങ്ങലോടെ കണ്ടുകൊണ്ടാദ്യവോട്ട്
ഇതും വോട്ടാണ്
മാഷിയാകെ പുരട്ടിയൊരു വോട്ട്
നാളെയുടെ വാഗ്ദാനത്തിനു വേണ്ടിയുള്ള വോട്ട്
ചിലപ്പോള്‍ അസാധുവകുന്നൊരു വോട്ട്
ചിലപ്പോള്‍ നാളെയുടെ വാഗ്ദാനത്തിനു
 വേണ്ടിയല്ലാത്ത വോട്ട്- അത് കള്ളവോട്ട്
ആദ്യ വോട്ട്, ഒരു കള്ളവോട്ട്

ഉണരാറില്ല

നഗ്നരായ മരങ്ങളും, ചെടികളും
നഗ്നരായ പൂക്കളും ഉണര്‍ത്താറില്ല
എന്തേ അവരുടെ നഗ്നത നമ്മെ
തൊട്ടുണര്‍ത്താത്തത്